കോഫീ വിത്ത് ഗാന്ധാരിയമ്മ

കോഫീ വിത്ത് ഗാന്ധാരിയമ്മ
പങ്കെടുക്കുന്നവരും കഥാപാത്രങ്ങളും
ഗാന്ധാരിയമ്മ : മലയാളക്കരയില്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന നാട്ടിന്‍പുറങ്ങളില്‍  വളരെ വിരളമായി ഇന്നു കണ്ടുവരുന്ന സരസയും രസികയും പണ്ഡിതയുമായ വൃദ്ധ സ്ത്രീ.
കേശുവേട്ടന്‍: ജീവിതം പച്ചപിടിപ്പിക്കാനായി അമേരിക്കയിലേക്കു കുടിയേറി കഠിന പ്രയത്നം ചെയ്തു ജീവിക്കുന്ന മലയാളി യുവതിയുടെ ജീവിത വിജയത്തില്‍ അഭിമാനംകൊള്ളുന്ന നാട്ടിന്‍പുറത്തുകാരനായ ഒരു സാധാരണക്കാരന്‍. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു.
 
ഗാന്ധാരിയമ്മയുടെയില്ലത്തു വന്നിരു-
ന്നാഢ്യം പറഞ്ഞിതു കേശുവേട്ടന്‍
എന്റെ മകളുടെ നാട്ടിലേയ്ക്കൊന്നു ഞാന്‍
പോയി വന്നെന്റെ ഗാന്ധാരിയമ്മേ.
 
കണ്ണുനിറച്ചിടും കാഴ്ചകള്‍ കണ്ടുഞാ-
നന്തവും കുന്തവും വിട്ടുപോയി.
എന്തൊരു നാടത്, എന്തു പറഞ്ഞീടാന്‍
കെങ്കേമം കെങ്കേമമെന്നുതന്നെ.
 
ചൊല്ലാതെവയ്യെനിക്കില്ലാത്തതല്ലെന്റെ
ഭാഗ്യമെന്നല്ലാതെ എന്തു ചൊല്ലാൻ.
വെള്ള, കറുപ്പ് നിറങ്ങളില്‍ മാനുഷര്‍
ആറടിപ്പൊക്കത്തില്‍ കേമത്തികൾ 
 
 പച്ചയും, നീലയും, മഞ്ഞ നിറത്തിലും
നാനാതരത്തിലായ് കണ്ണുള്ളവര്‍
ഗോതമ്പുമാവിൻ നിറത്തിലും സുന്ദരി.
താടകപോലെ  തടിച്ചവളും...
 
കണ്ടിട്ടുണ്ടോ നിങ്ങൾ കൊട്ടാരം പോലുള്ള  
കാറുകള്ൾ  റോട്ടിലങ്ങോളമിങ്ങും
എല്ലാം വലിപ്പത്തിലമ്പോ...., വലിപ്പത്തില്‍.
പച്ചക്കറിയും പഴങ്ങൾ പോലും
 
തക്കാളി കണ്ടിട്ടു മത്തനാണെന്നങ്ങു -
തോന്നി ഞാൻ  മത്തനായ് നിന്നുപോയി.
ഉള്ളിയും തേങ്ങയും കണ്ടാൽ തിരിച്ചങ്ങറി-
ഞ്ഞിടാനേറ്റം വിഷമമുണ്ടേ.
 
പേരറിയാത്ത പഴങ്ങളും പോരാതെ  
നാനാ നിറത്തിൽ മലക്കറികൾ
പാതകൾ ടാറിട്ട റോഡുകൾ ഹമ്പടാ...
നീളത്തിൽ വീതിയിൽ കേമം തന്നെ.
 
കുണ്ടുംകുഴികളുമൊന്നില്ല തേവരെ
പാതവക്കത്തോ കടകളില്ല.
നാട്ടാരും കൂട്ടവും റോട്ടിലോ കാണില്ല-
യെല്ലാരും കൂട്ടിലൊളിച്ചപോലെ
 
ഒച്ചയില്ലോശയില്ലാരാനുമുണ്ടെങ്കി-
ലാര്‍ക്ക് ചേതം കൂവെ എന്ന മട്ട്.
വൃത്തിയോ  ചൊല്ലിടാം. തുപ്പില്ല തൂവില്ല
കടലാസു തുണ്ടോ പഴത്തൊലിയോ
 
വേലിയില്ലാത്തൊരാ വീടുകളങ്ങനെ
പച്ചപ്പരപ്പില്‍ നിരന്നു കാണാം.
എല്ലാരും കണ്ടാല്‍ ചിരിച്ചിടും "ഹൈ"
എന്നു  ചൊല്ലിടും ഞാനും  പഠിച്ചതൊക്കെ
 
ചൊല്ലാം വിശേഷം ഇനിയുമുണ്ടാവോളം
നിങ്ങള്‍ക്കൊ പോയിടാൻ ഭാഗ്യമില്ല.
നീട്ടിയ കാലു തിരുമ്മിയിരുന്നൊരാ -
ഗാന്ധാരിയമ്മ ചിരിച്ചുമെല്ലെ.
 
സ്വര്‍ണ്ണവര്‍ണ്ണത്തിലായ് മിന്നുന്ന ലോട്ടയിൽ
അതിഥിക്കു പാല്‍ക്കാപ്പി സല്‍ക്കരിച്ചു -
കായ വറുത്തതും ചക്ക വരട്ടിയും
ഹൃദ്യമായ് കിണ്ണത്തിലേറ്റി വച്ചു.
 
പയ്യെത്തെറുത്തൊരാ ചുണ്ണാമ്പു വെറ്റില
പല്ലിന്നിടയില്‍ തിരുകിവെച്ചു.
നല്ല സുഗന്ധക്കൂട്ടൊന്നു നുള്ളിത്തിന്ന്
കൈയ്യൂന്നി തെല്ലൊന്നമർന്നിരുന്നു.
 
മുല്ലയും പിച്ചിയും കൂടെ ചിരിക്കുന്ന
തുമ്പയും കണ്ടുവോ താനവിടെ
മാവിന്റെ കൊമ്പിലായ്‌ പാടുന്ന വണ്ണാത്തി
കൊത്തിയടർത്തിയ മാങ്ങയുണ്ടോ.
 
അന്തിക്കു പൂക്കുന്ന മുല്ലതൻ പൂമണം
പേറിവരുന്നൊരു കാറ്റുമുണ്ടൊ
ഒച്ചയിൽ ചങ്ങാതിക്കൂട്ടത്തിൽ കുട്ടികൾ
മാവെറിയുന്നതു കണ്ടുവോ താൻ.
 
ചെമ്പടക്കാതോട്ടമൊന്നതിലോടുവാൻ  
കേമത്തമെത്ര ഹെ തിട്ടമുണ്ടോ.
പഞ്ചാരിയും പിന്നെ ചേങ്ങിലത്താളവും
ഉത്സവം കാണാന്‍ തരപ്പെടുമോ.
 
നല്ല കരിക്കിന്ൻ കുലകൾപൊട്ടിച്ചൊന്ന്
വെട്ടിക്കുടിക്കുവാൻ മാര്‍ഗ്ഗമുണ്ടോ.
നാടൻ പൈമ്പാലിട്ടങ്ങാറ്റിക്കുറുക്കിയ
കാപ്പിവെള്ളം തെല്ലു കിട്ടുമോ ഹെ.
 
ചേറിന്‍ സുഗന്ധം പതുങ്ങിക്കിടക്കുന്ന
തോട്ടിലെ മീനിന്റെ ചന്തമുണ്ടോ
അന്തിക്കു രണ്ടടിച്ചന്തം വിടുമ്പൊഴാ
റോട്ടിൽ കിടക്കുന്ന പാപ്പിയുണ്ടോ
 
എല്ലാം പറഞ്ഞു കുലുങ്ങിച്ചിരിച്ചിട്ടു
വെറ്റില ചെല്ലം മടക്കിമെല്ലെ.
ക്രുദ്ധനായ് ഗാന്ധാരിയമ്മയെ നോക്കി
യിട്ടിത്ഥം പറഞ്ഞിതു കേശുവേട്ടൻ
 
തള്ളയ്‌ക്കസൂയ മരുന്നില്ലതിന്നിന്നു
കേമത്തിയാണെന്നഭാവം തന്നെ.
തോട്ടിലെ മീനിന്റെ ചന്തം പുഴുങ്ങിയാൽ 
പള്ള നിറയ്ക്കാന്‍ വകയാകുമോ
 
പഞ്ചാരിയും പിന്നെ ചേങ്ങിലയും കൂടി
കൂട്ടികുഴച്ചു വയർ  നിറയ്ക്കൂ.
ദേശവിദേശ വിശേഷങ്ങളൊന്നുമേ
ചൊന്നതില്ലാ പിന്നെ കേശുവേട്ടൻ
 
ശുംഭരാണൊക്കെയും തണ്ടരാണൊക്കെയും
കണ്ണിൽ കടിയോ അളവിലേറെ
ചുമ്മാതെയെങ്കിലും മോളവൾ ചൊന്നത്
കേശവൻ തെല്ലു മനസ്സിലോർത്തു.
 
"അച്ഛാ അറിയുമോ  നാട്ടില്‍ പ്രിയമില്ല
പോയോരും  വന്നോരും മോശമായി
സംസ്കാരം കൊള്ളില്ലൊരാൾക്കാരും കൊള്ളില്ല
ഡോളർ അതൊന്നുണ്ട്  നല്ലതായി"
ടിഷ്യൂ പ്രയോഗം 'ഹൊ' വൃത്തികേടെങ്കിലും
ഡോളറിൽ തീരും പരാതിയെല്ലാം
 
ഡോളറിൽ തീരും പരാതിയെല്ലാം.