‘ത്രേസ്യാകുട്ടിയുടെ കുമ്പസാരം’ എന്ന കഥയെക്കുറിച്ച് 2001 ഡിസംബര്‍ 12ന് സാഹിത്യ വാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ എഴുതി.
‘കലയുടെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ വിരൂപവും ചൈതന്യത്തിന്റെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ നിര്‍ജ്ജിതവുമായ ചില കഥകളില്‍നിന്ന് നമ്മള്‍ നേരേ പോരുന്നത് ബിന്ദു ബൈജു പണിക്കറിന്റെ നര്‍മ്മഭാസുരമായ ത്രേസ്യാക്കുട്ടീടെ കുമ്പസാരത്തിലേക്കാണ്. ത്രേസ്യാക്കുട്ടി സുന്ദരിയാണ്. ആ സൗന്ദര്യംകൊണ്ടാണ് അവള്‍ക്ക് അര്‍ഹയായ ഭര്‍ത്താവിനെ കിട്ടിയത്. അയാള്‍ ഡോക്ടര്‍. പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അയാളെ ത്രേസ്യാക്കുട്ടിയുടെ പ്രാഗത്ഭ്യമാണ് വലിയ ആശുപത്രിയുടെ മേധാവിയാക്കിയത്. അതിനുള്ള ശ്രമങ്ങളെല്ലാം കലാകാരി ഗ്രാമീണഭാഷയില്‍ ഹാസ്യാത്മകമായി ആവിഷ്‌ക്കരിക്കുന്നു. ത്രേസ്യാക്കുട്ടിക്ക് ദിവസവും കുടിക്കണം. പ്രയത്‌നത്താല്‍ ഭര്‍ത്താവിനെ വലിയ സ്ഥാപനത്തിന്റെ ഉടമസ്ഥനാക്കിയതിനാല്‍ അല്‍പം കുടിച്ചാലെന്ത് എന്ന മട്ടാണ് അവള്‍ക്ക്. കഥ ഹാസ്യാത്മകമായി തന്നെ അവസാനിക്കുന്നു. നേരം വൈകിയാല്‍ ഞാന്‍ രണ്ടെണ്ണം വിടുന്നതില്‍ എന്താ തെറ്റ്? എന്റെ വിഷമങ്ങള്‍ ആര് അറിയാനാണ്. ”ലീലേ കുറച്ച് ഐസ് വാട്ടറും ഗ്ലാസും ഇങ്ങെടുത്തോ” എന്ന ത്രേസ്യാകുട്ടിയുടെ ആജ്ഞയോടുകൂടിയാണ് കഥയുടെ പര്യവസാനം. ജീവിത്തെ നര്‍മ്മഭാസുരമായി വീക്ഷിക്കുന്നു ബിന്ദു ബൈജു പണിക്കര്‍.’
അമേരിക്കയില്‍ ഐടി കമ്പനി ഉദ്യോഗസ്ഥയാണ് ബിന്ദു. പ്രവാസിയായ ബിന്ദു ബൈജു പണിക്കര്‍ എന്ന സാഹിത്യകാരിയുടെ വളര്‍ച്ചയുടെ തുടക്കമായിരുന്നു അവിടെ. കഥകള്‍ക്കു പറമെ കവിതയും പാട്ടുമൊക്കെയുണ്ട്. സാമ്പ്രദായക രീതികളില്‍ നിന്നു വ്യത്യസ്തമായി എഴുത്തിന്റെ എല്ലാ തലങ്ങളേയും തൊട്ടുതലോടികൊണ്ട് ലോലഭാവങ്ങളെയും നൊമ്പരങ്ങളെയും ഭാവാത്മകമായി പ്രകാശിപ്പിക്കുന്നവയായിരുന്നു അവയൊക്കെ.
ബിന്ദുവിന്റെ രചനകള്‍ ‘കോഫി വിത്ത് ഗാന്ധാരിയമ്മ’ എന്ന പേരില്‍ പുസ്തകരൂപം പൂണ്ടപ്പോള്‍ അവതാരിക എഴുതിയത് കവി വി. മധുസൂദനന്‍ നായരാണ്.
‘ബിന്ദുവിന്റെ നര്‍മ്മബിന്ദുക്കളില്‍ ആദ്യത്തെ കണ്‍തിളക്കങ്ങള്‍ക്കപ്പുറം, അനേകം മര്‍മ്മസന്ധികളുണ്ട്. സിദ്ധരായ എഴുത്തുകാരുടെ കൈയടക്കമാണത്. ഏഴുഭാഗങ്ങളായിത്തിരിച്ച് സംവിധാനം ചെയ്തിരിക്കുന്ന ”കോഫി വിത്ത് ഗാന്ധാരിയമ്മ” എന്ന ഗ്രന്ഥം മുഴുവന്‍ വായിച്ചപ്പോള്‍ തോന്നിയതാണ്, ഇതിനുള്ളില്‍ മുങ്ങിയെടുക്കാനേറെയുണ്ടെന്ന്. ദേശാന്തര ജീവിതാനുഭവങ്ങളുടെ വൈവിധ്യങ്ങള്‍, വൈരുദ്ധ്യങ്ങള്‍, അവയ്ക്കുള്ളിലെ നേരുകള്‍, നേരുകേടുകള്‍, ജീവിതരീതി വ്യത്യാസങ്ങള്‍- ഇവയെല്ലാം നേര്‍മ്മകളും അകപ്പൊരുളുമുള്ള കൊച്ചുവചനങ്ങളിലൊതുക്കാന്‍ ഒന്നാമതായി വേണ്ടത് സിദ്ധിതന്നെയാണ്. സരസമായ നിരീക്ഷണ കൗതുകവും സൂക്ഷ്മദര്‍ശനശേഷിയും വിശകലന പാടവവും ആ സിദ്ധിയെ സാഫല്യമുള്ളതാക്കുന്നു. നാട്ടുമനസും നവകാലമനസും കൊരുത്തെടുക്കാനുള്ള നൈപുണി അതിനെ അധികം കാവ്യാത്മകവും ജൈവവുമാക്കുന്നു. അതുകൊണ്ട്, ഒറ്റനോട്ടത്തില്‍, ലഘുവായി വായിച്ചുപോകാവുന്ന ഇതിലെ രചനകളിലെമ്പാടും സമ്പുഷ്ടമായ രസായനശക്തി ഉണ്ട്.’ മധുസൂദനന്‍ നായര്‍ ആമുഖമായി എഴുതി. ബിന്ദു പണിക്കരുടെ സാഹിത്യയജ്ഞത്തിനു മുന്നില്‍ കാലം കണ്‍തുറക്കുന്നതിന് അതികം കാത്തിരിക്കേണ്ടിവരില്ലന്ന് ആദ്യ പുസ്തകം തന്നെ തെളിയിക്കുന്നു
പ്രവാസി മലയാളികളിലെ മികച്ച കഥാകാരിയും കവയത്രിയുമായ ബിന്ദു ബൈജു പണിക്കര്‍ ജന്മഭൂമിക്ക് നല്‍കിയ ആഭിമുഖ്യത്തില്‍ നിന്ന്.
ആദ്യകഥയ്ക്ക് എം. കൃഷ്ണന്‍നായരുടെ പ്രശംസ. ആദ്യ പുസ്തകം അവതരിപ്പിച്ചത് വി. മധുസൂദനന്‍നായരും. സാഹിത്യകാരിക്ക് ഇതിലും വലിയ തുടക്കം എന്തു വേണം?
സാഹിത്യലോകത്ത് അവരവരുടെ മേഖലയില്‍ മഹാ പ്രതിഭകളായ ഇവരുടെ കയ്യൊപ്പ് ചാര്‍ത്തിക്കിട്ടിയത് മുജ്ജന്മ സുകൃതമാണ്. അമേരിക്കന്‍ ജീവിതത്തിനിടയിയിലും സാഹിത്യവാസന കെട്ടുപോകാനനുവദിക്കാതിരുന്നത് ഇത്തരം ഗുരുക്കന്മാരുടെ നല്ല വാക്കുകളാണ്.
കഥയാണോ കവിതയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്തതരത്തില്‍ രണ്ടു സാഹിത്യരൂപങ്ങളും ഒരുപോലെ കൂട്ടിയോജിച്ച് വാര്‍ത്തെടുത്തതാണ് ബിന്ദുവിന്റെ സൃഷ്ടികള്‍. അന്തര്‍ധാരയായി ഹാസ്യം ഒഴുകുന്ന രചനയില്‍ ആക്ഷേപഹാസ്യ രംഗത്തെ സമ്രാട്ട് എന്നു വിശേഷിപ്പിക്കാവുന്ന വികെഎന്നിന്റെ ശൈലി സ്വാധീനിച്ചിട്ടുണ്ട് എന്നു പറയുന്നതിനെക്കുറിച്ച്
സാഹിത്യ അഭിരുചി ഓരോരുത്തര്‍ക്കും വിഭിന്നമായിരിക്കും. എന്റെ അഭിരുചിയെക്കുറിച്ച് പറയുകയാണെങ്കില്‍ എന്നും ചിരിക്കാനും ചിന്തിക്കാനും ഒപ്പം തെല്ല് വിജ്ഞാനം പകരുന്നതിനും ഉതകുന്ന തരത്തിലുള്ള ആക്ഷേപഹാസ്യം എന്ന വിഭാഗത്തോടാണ് താല്‍പര്യം. പ്രതേ്യകിച്ച് ചട്ടക്കൂടുകളോ അളവുകോലുകളോ അതിന് വേണമെന്നു തോന്നിയിട്ടില്ല.
വികെഎന്‍ എന്ന മഹാപ്രതിഭയുടെ രചനകള്‍ എന്നും എനിക്ക് അത്ഭുതമായിരുന്നു. ഓരോ രചനകളിലും ഒളിഞ്ഞിരിക്കുന്ന വിജ്ഞാനത്തിന്റെ വിസ്തൃതിയും ചിന്താധാരയും ഉള്ളുതുറന്നു ചിരിച്ചു പോകുന്ന ഹാസ്യാത്മകതയും ആ മഹാനുഭാവനുമാത്രം സ്വന്തം. വികെഎന്നിന്റെ ശൈലി എന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞത് ഡോ.ശ്രീവത്സന്‍ ജെ.മേനോനാണ്. അത്തരമൊരു പരാമര്‍ശം എന്നെ സംബന്ധിച്ചിടത്തോളം വല്യകാര്യമാണ്.
പഠിച്ചത് ഐടി. ജീവിതം അമേരിക്കയില്‍. സാധാരണ രീതിയില്‍ സാഹിത്യത്തിനു അനുയോജ്യമല്ലാത്ത സാഹചര്യത്തില്‍ എങ്ങനെ ഇത്രയേറെ എഴുതാന്‍ കഴിയുന്നു.
കുട്ടിയായിരിക്കുമ്പോള്‍ കവിതകള്‍ എഴുതുന്ന ശീലമുണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലെന്നതുപോലെ കലാസാഹിത്യരംഗങ്ങളിലും അച്ഛനമ്മമാര്‍ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു. ചെറിയ സംസ്‌കൃത ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തി പുരാണകഥകളും പഞ്ചതന്ത്രകഥകളും പറഞ്ഞുതന്ന് എന്നെ കഥയുടെ ലോകത്തേയ്ക്കാനയിച്ച, തിരുവാതിരപാട്ടിന്റെ താളം ജീവിതത്തിലൊളിപ്പിച്ചു നടന്ന അമ്മൂമ്മ ലക്ഷ്മിക്കുട്ടിയമ്മയും കഥകളുടെ കെട്ടുകളഴിച്ച് അവധിക്കാലങ്ങളാഘോഷമാക്കിയ അപ്പൂപ്പന്‍ നീലകണ്ഠപിള്ളയും സാഹിത്യത്തിലേക്ക് വാതില്‍ തുറന്നവരാണ്.
ബാലമാസികകളില്‍ കവിതകള്‍ പ്രസിദ്ധികരിച്ചുവന്നത് പ്രോത്സാഹനമായി. എന്നാല്‍ കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ വനിതാമാസികയുടെ പത്രാധിപ ‘ഇത് കുട്ടികള്‍ എഴുതിയതാണെന്ന് തോന്നുന്നില്ല’ എന്നുപറഞ്ഞ് എന്റെ കഥ മടക്കി അയച്ചു. ഇതെന്നെ വേദനിപ്പിച്ചു. പ്രസിദ്ധികരണത്തിനയച്ചുകൊടുക്കുന്നത് നിര്‍ത്തി. അമേരിക്കയില്‍വന്നശേഷം ഭര്‍ത്താവ് ബൈജുവിന്റെ നിര്‍ബന്ധപ്രകാരമാണ് ഇവിടെനിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിലേക്ക് കഥ അയച്ചുകൊടുത്തത്. എം. കൃഷ്ണന്‍നായര്‍ ആ കഥയെകുറിച്ച് അഭിപ്രായം പറഞ്ഞതോടെ വീണ്ടും എഴുതാന്‍ ഊര്‍ജമായി.
പ്രവാസി സാഹിത്യകാരിയായതിനാല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടോ.
പ്രവാസികള്‍ എന്നതിനുപകരം ഭൂവാസികള്‍ എന്നു വിളിക്കപ്പെടാനാണ് ആഗ്രഹം. ഭൂമിയുടെ ഏതറ്റവും വാസയോഗ്യമായി കാണുന്നവര്‍ എന്ന നിലയിലാണിത്. എന്റെ രചനകള്‍ വായനക്കാരില്‍ വേണ്ടത്ര രീതിയില്‍ എത്തുന്നില്ല എന്നത് ശരിയാണ്. പ്രവാസജീവിതം നയിക്കുന്നവരുടെ രചനകളോട് വായനക്കാര്‍ക്ക് അനിഷ്ടമൊന്നുമില്ല. ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരാള്‍ ബെന്യാമിനല്ലേ?.
കുടുംബം, ജോലി
കോട്ടയത്തിനടുത്ത് പൂവന്തുരത്തില്‍ ആര്‍മി ക്യാപ്റ്റന്‍ വാസുദേവന്‍ പിള്ളയുടെയും അധ്യാപിക രത്‌നമ്മയുടെയും മകളായി ജനനം. ഭരതനാട്യവും കര്‍ണാടക സംഗീതവും ശാസ്ത്രീയമായി പഠിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം പുനൈയിലും മുബൈയിലും ജോലി നോക്കി. തുടര്‍ന്ന് അമേരിക്കയിലെ മിഷിഗണില്‍ സ്ഥിരതാമസമാക്കി. ഫോര്‍ഡ്, ജിഎം എന്നി പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ബാങ്ക് ഓഫ് അമേരിക്കയിലും ജോലി നോക്കി. ഇപ്പോള്‍ ജനറല്‍ ഇലക്ട്രിക് എന്ന സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജര്‍. കേരള ക്ലബ് ഓഫ് ഡി ഡിട്രോയിറ്റ് പ്രസിദ്ധികരിക്കുന്ന കേരളൈറ്റ് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. കൊമേരിക്ക ബാങ്കിന്റെ ചീഫ് ടെക്‌നൊളജി ഓഫീസര്‍ ബൈജു പണിക്കര്‍ ഭര്‍ത്താവ്. ശ്രീഹരിയും ശ്രീറാമും മക്കൾ.